Sunday, 28 April 2013

മടക്കം


ഓര്‍മയിലേഴു നിറങ്ങളും ചിരിതൂകി 
കരയുന്നിള വെയിലേറ്റു നില്‍ക്കുന്നു നീ 
നുള്ളിയ തുളസിയിവിടെതൊടിയിലൊരു കോണില്‍
കടപുഴകി പതിച്ച പല ജന്മങ്ങള്‍ക്കുമളവിടെ
സാക്ഷിയായ് നില്‍ക്കട്ടെ
ക്ഷയിച്ച വേരുകള്‍ തേടുന്നു ഞാന്‍
പലദിക്കില്‍ തൊടിയിലവിടെയിവിടെ
കരിയിലകൂനയിലൊളിച്ച് പതിഞ്ഞ
കാല്‍പ്പാടുകള്‍ക്കായിരം കഥകളോര്‍മ-
പ്പെടുത്തുവാന്‍ കഴിഞ്ഞേക്കണം
മറവിയിലേയ്‌ക്കാണ്ടിറങ്ങും മുന്‍പിവിടെ-
യെത്തിയതെന്തിനാര്‍ക്കു വേണ്ടിയിവിടെ
നീയും വേരുകള്‍ മുറിയ്ക്കാതെന്നെയും
കാത്തൊരു കോണില്‍ ചെറു കാറ്റിലും
വിറയ്ക്കാതെ, കാറിലും കോളിലും പതറാതെ
കാമുകിയായ് ഭാര്യയായ് അമ്മയായ് മുത്തശ്ശിയായ്

Wednesday, 3 April 2013


കാല്‍പാടുകള്‍


അറിയാവഴിത്താരയിലാര്‍ദ്ര-
മിഴികളുമായി അലയുന്നു നീ
വഴിവിളക്കിന്‍ തിരി തെളിയാ
വഴിയിതിലേകാന്ത മൌനം മാത്ര-
മതിലോലമാം കാലുകളിരുട്ടില്‍
പരതുന്നതെന്തെന്ന് നീ അറിഞ്ഞോ
പിന്നിട്ട വഴികളിലമര്‍ന്ന നിന്‍
കാല്‍പാടുകളിനി പിന്തുടരട്ടെ, ഞാന്‍
മാര്‍ഗമെത്ര കഠിനമാണെന്നറിവറി-
യാതറിഞ്ഞു നീങ്ങുന്നു ലക്ഷ്യബോധമില്ലാ-
തെയല്ലെന്നു പറയേണ്ടതിവിടെ ഞാനല്ല
നീയല്ല നമ്മുടെ സ്വപ്നഭാരങ്ങളാണ്‌
ഭാരമാണിവിടെ, ജരാനരകള്‍ ബാധിച്ച
സ്വപ്നങ്ങളൊക്കെയും ഭാരമാണവ-
ജ്ഞമായൊരിരുള്‍ മറച്ച വഴിത്താര
നീളുന്നതൊരേകാകിയാം ചന്ദ്രകല തേടി
നിമിഷവേഗത്തിലിടറി നീങ്ങുന്ന ഋതുക്ക-
ളാര്‍ക്കുവേണ്ടിയവസാന വേനലും ശീതവും
പൂക്കാലമറിയാനനുവദിക്കുന്നില്ലയീ ഇരുളി-
ലലിഞ്ഞു ചേരുന്നു ഞാനീ മഴയ്ക്കൊപ്പ-
മകലെ കാണുന്നു സ്നേഹത്തിനുറവയും
നാഗവും ഉടുക്കും തൃശൂലവും ചന്ദ്രകലയും

Friday, 29 March 2013

രാത്രിയുടെ ഏതോ യാമത്തില്‍ ഒരു പൂ വിരിയും
നിറമില്ലാത്ത മണമില്ലാത്ത ഒരു പൂവ്
പുലരും മുന്‍പ് ഞാനതിന് നിന്‍റെ പേരിടും
നിന്‍റെ ഗന്ധം നല്‍കും, നിന്‍റെ നിറം നല്‍കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ
ആത്മതത്വം പറഞ്ഞു തന്നതിനുള്ള എന്‍റെ ഉപഹാരം
-
സമര്‍പ്പണം : ഒരയ്യപ്പന്

Friday, 1 March 2013

ബോധി വൃക്ഷ തണല്‍


ഇന്നലെ
-
ഉച്ചവെയിലിന്‍റെ തീക്ഷ്ണതയില്‍ ഞങ്ങള്‍ പരക്കം പായുകയായിരുന്നു
ഉള്ളില്‍ പ്രണയവും കത്തി ജ്വലിക്കുന്നുണ്ടായിരുന്നു
രണ്ടും ഒരുമിച്ചു സഹിക്കുവാനുള്ള ശേഷിയും ഞങ്ങള്‍ക്കില്ലായിരുന്നു
ആദ്യം കണ്ട തണലില്‍ ചിറകുരുമ്മി ഞങ്ങള്‍ നിന്നു
എന്‍റെ പകുതിയിലും അവളുടെ പകുതിയിലും വെയില്‍ പരന്നിരുന്നു
രണ്ടാമതൊന്ന് ചിന്തിച്ചില്ല, അവളെ തണലില്‍ നിര്‍ത്തി 
ഞാന്‍ വെയില്‍ ആസ്വദിച്ചു, അവളുടെ വിയര്‍പ്പ് ശമിക്കുംവരെ

ഇന്ന്
-
എന്‍റെ കുറ്റങ്ങളും കുറവുകളും അവള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു
എന്‍റെ ശെരികള്‍ എന്‍റെ കര്‍മ്മങ്ങളായി വാഴത്തപെട്ടുകൊണ്ടിരിക്കുന്നു
ഒടുവിലെന്‍റെ ചുണ്ടില്‍ ഒരുപിടി എള്ളും പൂവും 
വാരിയെറിഞ്ഞെന്നെയ്ക്കുമായി യാത്ര ചോദിച്ചു
ഞാന്‍ ഇന്നലെയിലേക്ക് ഉള്‍വലിയുന്നു
തണലില്‍ ഒതുക്കി നിര്‍ത്തും മുന്‍പ് തലയൊന്നുയര്‍ത്തി നോക്കാമായിരുന്നു-
ബോധി വൃക്ഷം...

നാളെ
-
ബോധി വൃക്ഷ തണല്‍ എനിക്ക് കൊടും വെയിലായി മാറും.

Thursday, 10 January 2013



രാത്രിയ്ക്ക് വിലയിട്ടവള്‍




ഒരു രാത്രി കൂടി നഷ്ടപെടുത്തി..

എന്‍റെ മകന് ഭക്ഷണം കൊടുക്കാന്‍ മറന്നില്ല

ഇന്നും കൊടുക്കണം

ഈ രാത്രിയും നഷ്ടപെടുത്തണം

നഷ്ടപെട്ട രാത്രികള്‍ക്കൊപ്പം ഞാനും സഞ്ചരിക്കും

എന്തിനീ രാത്രികള്‍ നഷ്ടപെടുത്തിയെന്ന്

അവന്‍ ചോദിക്കുന്നതിനു മുന്‍പ് കൂടണയണം

നാളെയെന്ന രാത്രിക്ക് വേണ്ടി കാത്തു നില്‍ക്കാതെ

Wednesday, 9 January 2013

മടക്കയാത്ര


ഓരോ തുള്ളിയും കറുത്ത ഫ്രൈമിലെ കണ്ണാടിയില്‍ വീണ് രത്നങ്ങളെ പോലെ പ്രതിഫലിക്കുന്നു. 
ഓരോന്നില്ലും അവ്യക്തമായ ഓരോ രൂപങ്ങള്‍.., 
ഖസാക്കിലെ രവിയും ചാവുകരയുടെ അനന്ദനും യാത്ര ചോദിക്കുന്നു, ഞാനും വരുന്നു... മഴ കനക്കുന്നു..
രത്നങ്ങളുടെ എണ്ണം വര്‍ധിക്കുന്നു, അവ്യക്തതയുടെ പരിണാമം വിരൂപമാണ്.
ആ വിരൂപി എന്നെ സ്നേഹിക്കുന്നു, നീ എന്നെ സ്നേഹിച്ചതിനെക്കാള്‍ ...
ഞാന്‍ അതിന്‍റെ കൂടെ യാത്ര ചെയ്യും, ചെയ്യണ്ണം, ചെയ്തേ തീരു

അല്ല ആരിത് ചിത്രഗുപ്തനോ?

" കണക്കിന്‍റെ കാര്യത്തില്‍ ഇപ്പൊഴും ഒട്ടും മോശമല്ലല്ലോടോ താന്‍ " 

Tuesday, 8 January 2013


ലാഭം


നഷ്ടകണക്കുകള്‍ മാത്രം എഴുതി 
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും 
വൃത്തികേടാക്കിയ കണക്കുപുസ്തകം 
ഇന്ന് തുറന്നു നോക്കുമ്പോള്‍ 
എനിക്ക് ജരാനരകള്‍ ബാധിച്ചിരിക്കുന്നു, 
ഒരായുസ്സ് മതിയാവില്ല എന്നറിയാം
ലാഭകൊതിയന്മാരുടെ ഒപ്പം സ്ഥാനം പങ്കിടാന്‍.....

Sunday, 6 January 2013



ഓര്‍മ


ഞാന്‍ നടന്നകന്ന വഴികളില്‍ ഉപേക്ഷിക്കപെട്ട 
പൊട്ടിയ വളപൊട്ടുകള്‍, എന്‍റെ ഗന്ധമുള്ളവ 
പലവിധ  വര്‍ണങ്ങളില്‍, ഒരു ചേലായിരുന്നു
എന്‍റെ കൌമാരത്തിന്  നിറങ്ങളും, ഗന്ധവും 
പകര്‍ന്ന്  എന്നെ യവ്വനതിലേക്ക് നയിച്ചവ 
ഓര്‍മകളെന്നു ഞാന്‍ ഓമനപേരിട്ടു വിളിചിരുന്നവ
പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ഇപ്പൊഴും
തിളങ്ങുന്നുണ്ടായിരുന്നു ആ വളപൊട്ടുകള്‍,
ഇളം വെയിലില്‍, പലവിധ വര്‍ണങ്ങളില്‍.... 

ഒരു വേനലിന്‍ ചുടു കാറ്റ് ഏറ്റു ഇലകള്‍ പൊഴിചൊരാ 
വാകമരതിന്‍ തണലുപറ്റി, നിന്‍ മടിയിലായ്‌ 
മുഖമൊന്നണച്ചു വിതുമ്പി കരയവേ, 
പറയേണ്ടതില്ല സഖീ, നീ യാത്രയെന്ന  വാക്കുമാത്രം 

ലോലമാം വിരലുകള്‍ തഴുകട്ടെയെന്റെ നരകളെ, 
ഓര്മപ്പെടുതുവാന്‍, അല്ല ഓര്‍മിക്കുവാന്‍ 
മാത്രമേ കഴിവതുള്ളു, നിസ്സഹായനാം നരനായി 
പിറവികൊണ്ട ശാപവും പേറി ഞാനലയാം 

ഒരു ചുംബനം കൊണ്ട് മാത്രം വിറച്ച ചുണ്ടുകള്‍ 
ഒരുമാത്രകൂടി ചലിക്കുവാന്‍  ഒരു നൂറു 
ചുംബനങ്ങള്‍ പോര, വിറയ്ക്കുന്ന കൈകളില്‍
ഒരുപിടി അരിയുമായി വിതുംബട്ടെ ഞാന്‍

സ്വന്തമായി ഒരു പേരില്ലാത്തവന്‍റെ  രാത്രി    


ഞാന്‍ ഉറങ്ങുന്നു 
നിഴലുകളില്ലാത്ത ലോകത്തില്‍ 
എന്നെ പിന്തുടരാന്‍ ഇനി ആരുമില്ല 

Thursday, 3 January 2013

എഴുതി പൂര്‍ത്തിയാക്കാത്ത ഒരു ചെറുകഥയുടെ അവശിഷ്ടങ്ങള്‍


മേശപുറത്തു വലിച്ചു വാരി ഇട്ടിരുന്ന  പുസ്തകങ്ങള്‍ അടുക്കി പെറുക്കി വയ്ക്കുന്നതിനിടയില്‍ പണ്ടെങ്ങോ എഴുതിയിട്ട ഒരു വര്‍ഷം കണ്ണില്‍ തടഞ്ഞു.. പിന്നെ ഒരു ഡയറിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആയിരുന്നു.. ഒടുവില്‍ കണ്ടുകിട്ടി... എലി കരംബിയിട്ടുണ്ട്... പുറം താളിലെ വര്‍ഷം പരിശോധിച്ചു..മനസ്സ് ഒന്ന് ആളി. സ്വബോധം വീണ്ടെടുത്തത് താനേ പാടി തുടങ്ങിയ സിടി പ്ലയര്‍ കാരണമാണ്. സിദ് നാ കരോ, അബ് തോ രുഖോ.. ഒച്ചയോടു കൂടി ഫാന്‍ കറങ്ങി തുടങ്ങി, കറന്റ്‌ വന്നു..പിന്നെ എല്ലാം യാന്ത്രികം..
നിന്റെ മുടിതുമ്പില്‍ നിന്ന് ഊര്‍ന്നിറങ്ങിയ എണ്ണ മയം നിറഞ്ഞ വെള്ളത്തുള്ളികള്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് ചില താളുകളില്‍ . വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഈ മുറിയിലേക്ക് കയറിയത് നിനക്ക് വേണ്ടിയായിരുന്നില്ല, ഏനിക്കു വേണ്ടിയായിരുന്നു. നിന്നെ നഷ്ടപെടുത്തിയ നിമിഷം മുതല്‍ മരിച്ചു തുടങ്ങിയ എന്നിലെ എന്നെ ജീവിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു. കഴിയുന്നില്ല, പ്രത്യാശയുടെ ഒരു കണിക പോലും എനിക്ക് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. ഞാന്‍ ഒന്ന് ശ്വസിക്കട്ടെ, ജീവ വായു വേണ്ട, ആ മുടിക്കെട്ട്‌ ഒന്ന് അഴിച്ചിടു, എന്‍റെ മുഖമൊന്നു ഒളിപ്പിക്കണം, ശ്വസിക്കണം, ഈ താളുകള്‍ കഴിയുംവരെ മാത്രം. എന്റെ നെഞ്ചിലേക്ക് അടര്‍ന്നു വീഴാന്‍ വെമ്ബുന്നുണ്ട് ആ തുളസി കതിര്‍ ,ഇക്കുറി നിന്‍റെ അനുവാദം ഞാന്‍ ചോദിക്കുന്നില്ല, ഒന്നിനും.. പക്ഷെ നിന്‍റെ നെറ്റിയില്‍ ചുംബിക്കുമ്പോള്‍ നീ ഓര്‍മിപ്പികണം, ആ ചന്ദനകുറി മായ്ക്കുവതിരിക്കാന്‍ .. താളുകള്‍ കഴിയുംവരെ കണ്ണുകള്‍ നിറയരുത്, കണ്മഷി പടരരുത്. നീ എന്തിനാ എന്റെ കണ്ണുകളിലേക്കു ഇങ്ങനെ നോക്കുന്നത്, എന്റെ കണ്ണുകള്‍ നിറയുന്നുണ്ടോന്നു  അറിയാനാണോ? ഇല്ല, എന്റെ കണ്ണുകള്‍ വറ്റി വരണ്ടിരിക്കുന്നു...ഞാന്‍ തുടങ്ങട്ടെ, താളുകള്‍ മറിക്കുമ്പോള്‍ വിരലുകള്‍ വിറയ്ചെക്കാം, പകരാന്‍ മടിക്കരുത്, ഇപ്പൊഴും നിന്‍റെ കൈവെള്ളകള്‍ക്ക് ആ പഴയ ചൂടുണ്ടെങ്കില്‍ ...

അവസ്ഥ


ഇന്നലെ പെയ്തോരു മഴയിറ്റിച്ച നീര്‍ചാലല്ല നീ എനിക്ക്...
അടിത്തട്ടില്‍, ആഴങ്ങളില്‍, ഊറി ഊറി തണുത്തണപൊട്ടി-
ചൊലിചൊഴുകി, എന്‍റെ  മെയ്യ് തലോടി കുളിരാടിച്ച്‌,
മരവിപ്പിച്ച് തെന്നിയൊഴുകി അകലാതെ ചുറ്റും തളംകെട്ടി-
നിന്നന്ന്യോന്യം നീര്‍കേളികളാടി കളിച്ച നാളുകള്‍ 

അനാധത്വമെന്നെ വെട്ടയാടിയാടി വളര്‍ത്തി, തളര്‍ത്തി 
മൃത്യുവെന്ന മഹാസത്യത്തിനാഴങ്ങളില്‍ വിശ്രമോപദേശം
നല്‍കി നല്‍കി പരിഹസിക്കവേ, ആര്‍ത്തുചിരിച്ചലറികരഞ്ഞുകൊണ്ട് 
മയങ്ങി, ഉറങ്ങിക്കിടന്ന നിന്നെ ഞെട്ടിച്ചുണര്‍ത്തി ഭയപ്പെടുത്തി 
കൂട്ടുകൂടി പ്രണയം പങ്കുവച്ചങ്ങമര്‍ന്നുരുമ്മിയുരുമ്മി കഴിഞ്ഞ നാളുകള്‍

അരിയില്ല, പൂവില്ല, എള്ളുമില്ല, മൂടിപുതച്ചുറങ്ങാന്‍ ചെമ്പട്ടുമില്ല 
എന്‍റെ നഗ്നമാം ഉടല്‍ചുറ്റി വരിഞ്ഞു മുറുകട്ടെ നിന്‍റെ പ്രണയം 
വിഷാധമല്ല തുളുമ്പുന്നതെന്‍ കനല്‍വെന്ത പ്രാണനില്‍ 
രോക്ഷാകുലനുമല്ല, ഉരുകിയൊലിചൊഴുകുന്നു ബീജങ്ങള്‍ 
നിസ്സഹായനാം നരനായി പിറവികൊണ്ട ശാപവും പേറി ഞാനലയാം 

ഇനിയൊരു മൃതിയെനിക്കില്ല നിന്നിലേക്കടിയാന്‍,
പ്രണയിക്കുക എന്‍റെ മാംസത്തെ, എന്‍റെ രോമങ്ങളെ 
എന്‍റെ പുഴുക്കളെ, എന്‍റെ അസ്ഥികളെ,
ഒടുവില്‍ ഞാനെന്‍റെ ചാരവും നിനക്ക് നല്‍കാം
നീ മലിനമാകും വരെ, പ്രണയിക്കുക പ്രണയിക്കുക

Wednesday, 2 January 2013

ഓര്‍മ്മവാഹിനി


ഇന്നലെ ഞാന്‍ എന്‍റെ ഓര്‍മകളെ മുറിയുടെ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിട്ടാണ് ഉറങ്ങാന്‍ കിടന്നത് 

പുലര്‍ച്ചെ കണ്ണ് തുറന്നപ്പോള്‍ ചെവിയിലേയ്ക്ക് ആദ്യം ഇരച്ചു കയറിയത് മഴയുടെ ഒച്ചയാണ്‌ 

ജനാല തുറന്നു നോക്കിയപ്പോള്‍, കേട്ട ഒച്ചയേക്കാള്‍ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്....

മടിച്ചില്ല, ഉമ്മറപ്പടിയില്‍ നിന്ന് മുറ്റത്തേയ്ക്ക് നോക്കുമ്പോള്‍ കുത്തിയൊലിച്ചു ഒഴുകുകയാണ് 

ആ പോക്ക് കണ്ടാല്‍ അറിയാം അറബിക്കടലിലെക്കാണെന്ന്...

വൈകിച്ചില്ല, കടലാസ്സുകൊണ്ടൊരു പായകപ്പല്‍, ഓര്‍മകളെ ഭദ്രമായി അതിനുള്ളിലാക്കി,

ചിലത് എന്നെ നോക്കി ചിരിച്ചു, ഞാന്‍ അവയോടു ദേഷ്യപ്പെട്ടു

ചിലത് എന്നെ നോക്കി ദേഷ്യപ്പെട്ടു, ഞാന്‍ അവയോടു ചിരിച്ചു 

ചിലത് എന്നെ നോക്കി സങ്കടപെട്ടു, ഞാന്‍ അവയെ കളിയാക്കി  

ചിലത് എന്നെ നോക്കി പരിഹസിച്ചു, ഞാന്‍ അവയെ സമാധാനിപ്പിച്ചു 

മഴ ശമിക്കുന്നു, എന്‍റെ ഓര്‍മവാഹിനി ഒഴുകിയകലുന്നതും നോക്കി 

ഉമ്മറപ്പടിയില്‍ ഇരിക്കവേ ഞാന്‍ വെറുതെയെങ്കിലും ആശിച്ചു,

അത് അടിയുന്ന തീരത്ത് ഞാന്‍ ഉണ്ടായിരുന്നെങ്കില്‍.....