Monday, 21 December 2015

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം




ഇരുപതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവം; മേളകള്‍ എല്ലാ കൊല്ലവും സമസ്ത മേഖലകളിലും പുതിയ അറിവുകള്‍ സമ്മാനിക്കുന്ന ഒന്നാണ്. ഇക്കൊല്ലവും അതങ്ങനെ തന്നെ പരിസമാപിച്ചു. രണ്ടായിരത്തി പതിനഞ്ചു ഡിസംബര്‍ നാലാം തീയതി മുതല്‍ രണ്ടായിരത്തി പതിനഞ്ചു ഡിസംബര്‍ പതിനൊന്നു വരെ അനന്തപുരി ഉത്സവ പ്രതീതിയില്‍ ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം  ചിത്രങ്ങള്‍ പന്ത്രണ്ടായിരത്തില്‍പ്പരം ഡെലിഗേറ്റുകള്‍  ഇരുപതോളം അന്യഭാഷാ സംവിധായകര്‍.

മസ്റ്റാങ്ങ്‌


ഡെനിസ് ഗെമ്സെ എര്‍ഗുവെന്‍ സംവിധാനവും രചനയും നിര്‍വഹിച്ച തുര്‍ക്കിയില്‍ നിന്നുള്ള സ്ത്രീ പക്ഷ ചിത്രമാണ് മസ്റ്റാങ്ങ്‌. മികച്ചതില്‍ മികച്ചത് എന്ന് പറയാന്‍ കഴിയില്ലെങ്കിലും നല്ലൊരു ചിത്രമാണ് മസ്റ്റാങ്ങ്‌. പതിവു രീതിയിലുള്ള അവതരണവും മറ്റും ആണെങ്കിലും പറഞ്ഞ വിഷയത്തിനുള്ള പ്രസക്തി തള്ളിക്കളയാന്‍ കഴിയാത്തതാണ്. ഒരു സ്ത്രീ സംവിധായക എന്ന നിലയ്ക്ക് ഇങ്ങനൊരു ചിത്രം സൃഷ്ട്ടിച്ചില്ലെങ്കില്‍ മാത്രമാണ് അതിശയോക്തി. ഒട്ടനവധി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം എന്ന ബഹുമതിയും മസ്റ്റാങ്ങിനുണ്ട്.

മണ്ട്രോ തുരുത്ത്



നവാഗതനായ മനു പി.എസ് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് മണ്ട്രോ തുരുത്ത്. പതിനേഴാമത് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യ ഗോള്‍ഡ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമയാണ് മണ്ട്രോ തുരുത്ത്. നല്ല ചിത്രങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്ന്. താന്‍ കണ്ടെടുത്ത കഥാ തന്തുവില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ സംവിധായകന് ഉണ്ട്. കേട്ടു പഴകിയ മുത്തശ്ശന്‍ ചെറുമകന്‍ കഥാവഴികളില്‍ നിന്ന് വ്യത്യസ്തമാണ് മണ്ട്രോ തുരുത്ത്. വിജയത്തിന്‍റെ ഒട്ടുമുക്കാല്‍ പങ്കും സംവിധായകനില്‍ നിക്ഷിപ്തമാണ്.

Sunday, 20 December 2015

ഒഴിവുദിവസത്തെ കളി



സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒഴിവു ദിവസത്തെ കളി  ഒരു പരീക്ഷണമാണ് ഒപ്പം മനുഷ്യമനസ്സുകളില്‍ അടിഞ്ഞു കിടക്കുന്ന കറുപ്പിന്‍റെ നേര്‍ക്കാഴ്ച്ച യാണ്. പ്രേക്ഷകനും അഭിനേതാക്കളില്‍ ഒരാളായി മാറുന്ന മാന്ത്രിക ശൈലിയാണ് സംവിധായകന്‍ ഉപയോഗിച്ച ഒരു തന്ത്രം. തന്‍റെ സിനിമയില്‍ ഗിമ്മിക്കുകള്‍ക്കുള്ള സ്ഥാനം ചവറ്റുകുട്ടയാണ് എന്ന് ഓരോ ഫ്രൈമിലും സനല്‍ വിളിച്ചു പറയുന്നുണ്ട്. പ്രസിദ്ധ ചെറുകഥാകൃത്ത് ഉണ്ണി ആര്‍-ന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയാണ് സനലിന്‍റെ മൂലാധാരം. ഈ വിഷയത്തെ പരീക്ഷണാടിസ്ഥാനത്തിലാണെങ്കില്‍പ്പോലും സധൈര്യം സംവിധായകന്‍ സമീപിച്ചു.

ഒറ്റാല്‍


പഴമ സമം നന്മ; ഒറ്റാലിനെ ഇങ്ങനെ ചുരുക്കാം. ജയരാജ് ഒരു മുഖ്യധാരാ സംവിധായകനാണെങ്കില്‍ കൂടിയും ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ അതിന്‍റെ ഒരാനുകൂല്യങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ചുരുങ്ങിയ ചിലവില്‍ നല്ലൊരു ചിത്രം ഒരുക്കുകയും അത് സുവര്‍ണ്ണചകോരം ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്തു. ഒറ്റാലിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ്, മുംബൈ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ഗേറ്റ്വേ അവാര്‍ഡ്, മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, ഇതൊക്കെയാണ്.

എന്‍റാംഗിള്‍മെന്‍റ് (ടോളാന്മാ)





കാഴ്ച്ചകളുടെ കേന്ദ്രീകൃത വികേന്ദ്രീകരണങ്ങളാല്‍ സമ്പുഷ്ടമാണ് ടങ്ക് ദാവൂദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ടര്‍ക്കി ചിത്രം ടോളാന്മാ അഥവാ എന്‍റാംഗിള്‍മെന്‍റ്. ബന്ധങ്ങളും അവ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളുമാണ് ചിത്രത്തിന്‍റെ കാതല്‍. അത് തുറന്നു കാട്ടുന്നതില്‍ സംവിധായകന്‍ ഏറെക്കുറെ വിജയിച്ചു എന്നു പറയാം. തൊണ്ണൂറ്റിമൂന്ന് മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രം ഒരു നിമിഷം പോലും വിരസമാക്കാതെ കടന്നുപോകുന്നു.

Saturday, 19 December 2015

ചായം പൂശിയ വീട്



ലക്ഷ്യത്തിലേക്കെത്താതെ പരാജയപ്പെട്ട അംബാണ് ചായം പൂശിയ വീട്. ഇരട്ട സഹോദരന്മാരായ സന്തോഷ്‌ ബാബുസേനനും സതീഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ‘സംവിധായകന്‍റെ കലയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ഒരു സെന്‍സര്‍ബോര്‍ഡും നോക്കണ്ട’ എന്ന മുന്നറിയിപ്പോടെയാണ് ഇരട്ട സഹോദരങ്ങള്‍ ചിത്രം തുടങ്ങും മുന്‍പ് തട്ടകം ഒഴിഞ്ഞത് (നായിക തന്‍റെ ശരീരം പ്രദര്‍ശിപ്പിക്കുന്ന മൂന്ന് രംഗങ്ങള്‍ ചിത്രത്തിലുണ്ട്). സിനിമയില്‍ സംവിധായകനുള്ള ആത്യന്തികസ്വാതന്ത്ര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതൊക്കെ നല്ലതു തന്നെ...

രോമം

(short story)


“വൈദ്യന്മാര്ക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങള്‍ പകല്‍വെളിച്ചത്തില്‍ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങള്‍ മണ്ണ് മറച്ചുവയ്ക്കുകയും ചെയ്യും”
- മിഷേല്‍ ദെ മോണ്ടെയ് ന്‍
തള്ളക്കോഴിയും കുഞ്ഞുങ്ങളും പതിവുപോലെ മുറ്റത്ത്‌ ചിക്കിച്ചികഞ്ഞു നടക്കുന്നുണ്ടായിരുന്നു. ബാലു അവരെ കണ്ട ഭാവം കാണിച്ചില്ല; അവരും...
ബാലുവിന്റെ ശ്രദ്ധ പതിഞ്ഞത് വേലിക്കരികില്‍ നിര്ത്തിയിരുന്ന ഭീമാകാരന്‍ കൂടിന്നടിയില്‍ ചടച്ചിരുന്ന ഒരു കോഴിയിലാണ്. പൂടയില്ലാത്ത നീണ്ട കൊക്കോടുകൂടിയ ഒന്നിനെ അവന്‍ ആദ്യമായിട്ടാണ് കാണുന്നത്. ക്ഷീണിതനോ-തയോ ആണെന്നു തോന്നുന്നു.

കാലം തെറ്റി പെയ്തിറങ്ങിയവര്‍

                                                               (Short Story)


മഴ വരും പോകും, ശക്തമായും അശക്തമായും.
ശക്തമായൊരു മഴക്കുവേണ്ടി കൊതിച്ച് അശക്തമായൊരു മഴയില്‍ ലയിച്ച് ഓസ്‌കാര്‍ വൈല്‍ഡിന്റെ കഥകള്‍ വായിച്ചിരിക്കുകയായിരുന്നു ഹാരി തോംസണ്‍.
ഡബ്ലിന് അകലെയല്ലാത്ത ഒരു ചെറു പട്ടണത്തിലെ വായനാശാലയിലെ ചില്ലു ജനാല യിലൂടെ അവന്‍ ഇടയ്ക്കിടെ മഴയെ നോക്കും. മനസ്സ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ യങ്ങളില്‍ ഓസ്‌കാര്‍ വൈല്‍ഡിനെ ധ്യാനിച്ചിരിക്കുക അവന്റെ പതിവായിരുന്നു.

Monday, 23 November 2015

ശാന്തികവാടം

പേരില്ലാത്ത നഗരം അശാന്തമാണ്. 


ഒരു നാമം, അതൊന്നുകൊണ്ട് നഗരത്തിനു അതിര്‍ വരമ്പുകള്‍ ഉണ്ടായിക്കൂട. ഇത്തരമൊരു ചിന്തയില്‍ നിന്നായിരിക്കണം സ്രഷ്ടാവ് ആര്‍ജ്ജവം ഉള്‍ക്കൊണ്ടത്. അല്ലാതെ ഒരു സ്രഷ്ടാവും തന്‍റെ സൃഷ്ടിക്ക് പേരിടാന്‍ മറക്കാറില്ല. 

പേരില്ലാത്ത നഗരം അശാന്തമാണ്; പതിവുപോലെ. നിരത്തിലൂടെ സാവധാനം നീങ്ങുന്ന വാഹനങ്ങളെക്കാള്‍ ഏറെയും നടപ്പാതയിലൂടെ വേഗത്തില്‍ തിക്കി തിരക്കി നടന്ന് ഓടുന്ന ആളുകളാണ്. ഉച്ചവെയില്‍ചൂട് ഒരു ദീര്‍ഘനിശ്വാസം തിരയുന്നു, ശക്തികള്‍ ചോര്‍ന്ന് തുടങ്ങുന്നവന്‍റെ ബാക്കിപത്രം. ഓടിയൊളിക്കും മുന്‍പ് മുഖം മിനുക്കാന്‍, തിളങ്ങാന്‍ അയാള്‍ സിന്ദൂരരേഖകള്‍ തിരയുന്നു. കറുത്ത മേലങ്കി അണിയും മുന്‍പ് നഗരം പ്രകാശമുഖരിതമായി. ശാസ്ത്രത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്‍ കാലത്തിന്‍റെ മാറ്റം അറിയാതെ, അല്ലെങ്കില്‍ അവഗണിച്ചുകൊണ്ട് നിരത്തിലും നടപ്പാതയിലും പലരും പലതും ഒഴുകിക്കൊണ്ടിരുന്നു. കാഴ്ച്ചകള്‍ക്കപ്പുറം വിദൂരതയിലെവിടെയോ മറകള്‍ സ്വയം മെനഞ്ഞ് ചിത്രഗുപ്തന്‍ അയാളെ തിരയുന്നു; അച്യുതനെ.