Monday, 21 December 2015

മസ്റ്റാങ്ങ്‌


ഡെനിസ് ഗെമ്സെ എര്‍ഗുവെന്‍ സംവിധാനവും രചനയും നിര്‍വഹിച്ച തുര്‍ക്കിയില്‍ നിന്നുള്ള സ്ത്രീ പക്ഷ ചിത്രമാണ് മസ്റ്റാങ്ങ്‌. മികച്ചതില്‍ മികച്ചത് എന്ന് പറയാന്‍ കഴിയില്ലെങ്കിലും നല്ലൊരു ചിത്രമാണ് മസ്റ്റാങ്ങ്‌. പതിവു രീതിയിലുള്ള അവതരണവും മറ്റും ആണെങ്കിലും പറഞ്ഞ വിഷയത്തിനുള്ള പ്രസക്തി തള്ളിക്കളയാന്‍ കഴിയാത്തതാണ്. ഒരു സ്ത്രീ സംവിധായക എന്ന നിലയ്ക്ക് ഇങ്ങനൊരു ചിത്രം സൃഷ്ട്ടിച്ചില്ലെങ്കില്‍ മാത്രമാണ് അതിശയോക്തി. ഒട്ടനവധി പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം എന്ന ബഹുമതിയും മസ്റ്റാങ്ങിനുണ്ട്.


തുര്‍ക്കി സ്ത്രീകള്‍ക്ക് തുല്യ സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരുന്ന ഒരു രാജ്യമാണ്. എന്നാല്‍ സമീപകാലത്ത് ഇസ്ലാമിസ്റ്റുകളുടെ അടിച്ചമര്‍ത്തലുകളും പീഡനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യം തുര്‍ക്കിയിലുണ്ട്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും മറ്റും ചിത്രീകരിക്കാന്‍ തുര്‍ക്കി സംവിധായകര്‍ തയ്യാറായതിന്‍റെ ഒരു ഫലം കൂടിയാണ് ഈ ചിത്രം.

ആണിന്‍റെയും പെണ്ണിന്‍റെയും നീതികള്‍ രണ്ടാണെന്നും ആ നീതി ആണില്‍ സംക്ഷിപ്ത്തമാണെന്നും സംവിധായക മസ്റ്റാങ്ങിലൂടെ പറയുന്നു. യാഥാസ്ഥിതിക മൂല്യബോധത്തെ അബോധമായി പിന്‍ പറ്റേണ്ടി വരുമോ എന്ന സന്ദേഹത്തില്‍ കഴിയുന്ന ആധുനിക യുവത്വത്തിന്‍റെ പ്രതിനിധിയാണ് കഥാപാത്രങ്ങള്‍. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്‍റെ മരണകാരണം വ്യക്തമാക്കുന്നതില്‍ സംവിധായിക പരാജയപ്പെടുന്നുണ്ട്. അഴിച്ചിട്ട നീണ്ട മുടി സ്വാതന്ത്ര്യത്തിന്‍റെ രൂപകം ആയി വരുന്നുണ്ട് ഇതില്‍. ചിത്രത്തിലെ അഞ്ചു സ്ത്രീ കഥാപാത്രങ്ങളും ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള കൂടുമാറ്റത്തെത്തുടര്‍ന്ന് ഉണ്ടാവുന്ന ശാരീരിക ബോധവും അതിന്‍റെ ഫലമായുള്ള സ്വാതന്ത്ര്യ മോഹവും ചിത്രത്തില്‍ ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട്.

സംവിധാനത്തില്‍ പുതുമയൊന്നും ഇല്ലെങ്കിലും കഥയ്ക്ക്‌ അനുയോജ്യമായ രീതിയില്‍ സംവിധായിക ചിത്രത്തെ സമീപിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിലും എടുത്തു പറയത്തക്ക മാസ്മരികതയൊന്നും ഇല്ല. എഡിറ്റിംഗില്‍ നല്ല രീതിയില്‍ ചിത്രം കൂട്ടിയിണക്കിയിട്ടുണ്ട്. പാശ്ചാത്തല സംഗീതവും അനുയോജ്യമായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

തൊണ്ണൂറ്റിയേഴു മിനിട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഇടയ്ക്കിടയ്ക്ക് ചിത്രം കാഴ്ചക്കാരില്‍ നിന്ന് വഴുതി മാറുന്നുണ്ടെങ്കിലും പരിപൂര്‍ണ പരാജയമല്ല. ചിത്രത്തെ ഇന്ത്യന്‍ സാഹചര്യങ്ങളോട് വളരെയധികം ബന്ധിപ്പിക്കാനാവും. അഞ്ച് സഹോദരിമാരുടെ കഥ എന്നതിലുപരി സാമൂഹിക സാഹചര്യങ്ങളോട് കഥയെ ഫലപ്രദമായി കൂട്ടിയിണക്കാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും ഒരു പോരായ്മയാണ്. ചോദ്യങ്ങള്‍ അവസാനിക്കാതിരിക്കുന്നു എന്നത് തന്നെയാണ് ഈ തരത്തിലുള്ള സിനിമകളുടെ കാലിക, കാലാന്തര പ്രസക്തി.

No comments:

Post a Comment