ഒഴിവുദിവസത്തെ കളി
സനല്‍ കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച
ഒഴിവു ദിവസത്തെ കളി ഒരു
പരീക്ഷണമാണ് ഒപ്പം മനുഷ്യമനസ്സുകളില്‍ അടിഞ്ഞു കിടക്കുന്ന കറുപ്പിന്‍റെ നേര്‍ക്കാഴ്ച്ച യാണ്.
പ്രേക്ഷകനും അഭിനേതാക്കളില്‍ ഒരാളായി മാറുന്ന മാന്ത്രിക ശൈലിയാണ് സംവിധായകന്‍
ഉപയോഗിച്ച ഒരു തന്ത്രം. തന്‍റെ സിനിമയില്‍ ഗിമ്മിക്കുകള്‍ക്കുള്ള സ്ഥാനം
ചവറ്റുകുട്ടയാണ് എന്ന് ഓരോ ഫ്രൈമിലും സനല്‍ വിളിച്ചു പറയുന്നുണ്ട്. പ്രസിദ്ധ
ചെറുകഥാകൃത്ത് ഉണ്ണി ആര്‍-ന്‍റെ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയാണ് സനലിന്‍റെ
മൂലാധാരം. ഈ വിഷയത്തെ പരീക്ഷണാടിസ്ഥാനത്തിലാണെങ്കില്‍പ്പോലും സധൈര്യം സംവിധായകന്‍
സമീപിച്ചു.
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അഭിനേതാക്കള്‍
സംവിധായകന് പരിപൂര്‍ണ പിന്തുണ കൊടുത്തപ്പോള്‍ സിനിമ അവസാനിക്കാന്‍ അന്‍പത്തിമൂന്ന്
മിനിട്ട് ശേഷിക്കെ, അതുവരെ പ്രതേകിച്ചു ഒന്നും ചെയ്യാനില്ലായിരുന്ന ഛായാഗ്രാഹകന്‍
ഇന്ദ്രജിത്ത് ശേഷിച്ച സമയമത്രയും ക്യാമറ നിലത്തു വയ്ക്കാതെ കൂടെ നിന്നു; ഫലം അന്‍പത്തിമൂന്ന്
മിനിട്ട് ദൈര്‍ഘ്യമുള്ള ഇടമുറിയാത്ത ഷോട്ട്. സിങ്ക് സൌണ്ടും ചിത്രത്തിന്‍റെ കഥാ സന്തര്‍ഭങ്ങള്‍ക്ക്
അനുയോജ്യമാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യത്തിനു മാത്രം പശ്ചാത്തല സംഗീതം ഒരു
വേറിട്ട അനുഭവമായി. യാഥാസ്ഥിതിക മനോഭാവത്തോടെയല്ല സംവിധായകനും കൂട്ടരും ചിത്രത്തെ
സമീപിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്ന സ്വാഭാവികമായ
തമാശ കലര്‍ന്ന സംഭാഷണ ശകലങ്ങള്‍ സിനിമ അന്ത്യത്തോടടുക്കുമ്പോള്‍ ഭീകരമായ
ചിന്തകളാണ് ഉയര്‍ത്തിവിടുന്നത്. മനുഷ്യന്‍റെ സ്വാര്‍ഥത, അപകര്‍ഷതാബോധം, വ്യത്യസ്ഥ
രാഷ്ട്രീയ അരാഷ്ട്രീയ ബോധം തുടങ്ങിയവയുടെ പുറംചട്ട പൊളിച്ചു കാട്ടുകയാണ് സനല്‍. മനുഷ്യന്‍റെ
കാപട്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കാപട്യങ്ങളെതുമില്ലാത്ത ഒരു ചിത്രം.
മദ്യലഹരിയില്‍ തനി സ്വരൂപം പുറത്തു വരുന്ന ആള്‍ക്കാര്‍
നമുക്കിടയില്‍ ഇപ്പോഴും സ്വബോധാവസ്ഥയില്‍ നല്ലവരായി ജീവിക്കുന്നുണ്ട്. സവര്‍ണ്ണനു
മുന്നില്‍ വിട്ടുവീഴ്ച്ചകള്‍ക്കൊരുങ്ങുന്ന ന്യായാധിപന്‍ അവര്‍ണ്ണനു മുന്നില്‍ പുറം
തിരിഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും നമുക്കന്യമല്ല. നമ്പൂതിരി എന്ന കഥാപാത്രത്തിനു
മാത്രം പേരു നല്‍കാതിരുന്നത് സംവിധായകന്‍റെ കുശാഗ്രബുദ്ധിയായി വേണം കരുതാന്‍.
എല്ലാം നമുക്കിടയില്‍ നടന്ന അഥവാ നാം കേട്ട് പരിചയിച്ച
കണ്ടറിഞ്ഞ അനുഭവങ്ങള്‍.
തിരഞ്ഞെടുപ്പ് ദിവസ ചൂടില്‍ നിന്നു മാറി ഒരു പ്രാന്തപ്രദേശവും ബംഗ്ലാവും അവിടത്തെ
പ്രകൃതി സൌന്തര്യവും മഴയും ഒക്കെ ഒഴിവുദിവസത്തെ കളിയില്‍ കടന്നു വരുന്നുണ്ട്. ആകെ
തൊന്നൂറ്റിഒന്‍പതു മിനിറ്റില്‍ അത്യാവശ്യം വെട്ടി ചുരുക്കേണ്ട കുറച്ചു ഷോട്ടുകളുണ്ട്
എന്നതൊഴിച്ചാല്‍ ചിത്രം മികച്ചതാണ്. രാഷ്ട്രീയമാണോ അരാഷ്ട്രീയമാണോ ഒഴിവു ദിവസത്തെ
കളി ചര്‍ച്ച ചെയ്യുന്നത് എന്ന സന്ദേഹം സദാ നിലനില്‍ക്കും. ഒരാള്‍പ്പൊക്കം എന്ന
സിനിമയില്‍ നിന്ന് ഒഴിവു ദിവസത്തെ കളിയില്‍ എത്തുമ്പോള്‍ സംവിധായകന് ഉണ്ടായ
പരിണാമം ശ്രദ്ധേയമാണ്.


No comments:
Post a Comment