എന്‍റാംഗിള്‍മെന്‍റ് (ടോളാന്മാ)
കാഴ്ച്ചകളുടെ കേന്ദ്രീകൃത വികേന്ദ്രീകരണങ്ങളാല്‍
സമ്പുഷ്ടമാണ് ടങ്ക് ദാവൂദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ടര്‍ക്കി ചിത്രം ടോളാന്മാ
അഥവാ എന്‍റാംഗിള്‍മെന്‍റ്. ബന്ധങ്ങളും അവ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളുമാണ്
ചിത്രത്തിന്‍റെ കാതല്‍. അത് തുറന്നു കാട്ടുന്നതില്‍ സംവിധായകന്‍ ഏറെക്കുറെ വിജയിച്ചു
എന്നു പറയാം. തൊണ്ണൂറ്റിമൂന്ന് മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രം ഒരു നിമിഷം പോലും
വിരസമാക്കാതെ കടന്നുപോകുന്നു.
വിജനമായ ഭൂപ്രകൃതിയില്‍ ജീവിക്കുന്ന മരം വെട്ടുകാരായ സഹോദരങ്ങളുടെ
കഥയാണ് എന്‍റാംഗിള്‍മെന്‍റ് പറയുന്നത്. കഥാപാത്രങ്ങള്‍; ജ്യേഷ്ഠാനുജന്മാരായ
കെമലും സമലും, അവര്‍ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കടന്നു വരുന്ന സ്ത്രീ നാളാന്,
ഒരു ഭീമാകാരന്‍ നായ.
നഷ്ടപ്പെട്ട മാതൃത്വത്തിനായുള്ള അന്വേഷണം
കൂടിയാണ് എന്‍റാംഗിള്‍മെന്‍റ്. രണ്ടു സഹോദരന്മാര്‍ക്കിടയില്‍ കടന്നു വരുന്ന സ്ത്രീ
അവര്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാഭാവികമായ അകല്‍ച്ച (ഇരുവര്‍ക്കും സ്ത്രീയോട്
തോനുന്ന അടുപ്പത്തില്‍ നിന്ന്) ചിത്രത്തിന്‍റെ വൈകാരികത കൂട്ടുന്നു. അക്രമോല്സുകനായ
ഭീമാകാരന്‍ നായയെപ്പോലും കയ്യിലെടുക്കുന്ന സ്ത്രീയ്ക്ക് പക്ഷെ സഹോദരന്മാരില്‍
ജ്യേഷ്ഠനില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയുന്നില്ല. പുറത്തേക്കു
വെളിപ്പെടുത്താത്ത സ്ത്രീയുടെ മനസ്സുപോലെ പലയിടങ്ങളിലും നായ പ്രതീകമായി
വരുന്നുണ്ട്. ബന്ധങ്ങളിലെ സംഘര്‍ഷങ്ങളുടെ ഭാരം
പേറേണ്ടി വരുന്നതും തിരസ്‌കരിക്കപ്പെടുന്നതും മിക്കപ്പോഴും എല്ലായിടത്തും സ്ത്രീ
തന്നെയാണ് എന്ന ദര്‍ശനം കൂടിയാണ് എന്‍റാംഗിള്‍മെന്‍റ് മുന്നോട്ട് വയ്ക്കുന്നത്.
മികച്ച തിരക്കഥയും സംവിധാന മികവും എന്നതിലുപരി
വെളിച്ചത്തിന്‍റെയും നിഴലിന്‍റെയും സമ്മിശ്രമായ ഇടപെടലുകള്‍ ബുദ്ധിപൂര്‍വ്വം
പ്രയോഗിച്ച് ഇല്ക്കെര്‍ ബെക്കെര്‍ നിര്‍വഹിച്ച ഛായാഗ്രഹണമാണ് എന്‍റാംഗിള്‍മെന്‍റിന്‍റെ
മുഖ്യ ആകര്‍ഷണം. ഓരോ ഫ്രൈമുകളും പകലിലും രാത്രിയിലും സുന്ദരമാണ്. അഭിനയപ്പകര്‍ച്ചയ്ക്കൊത്ത്
ഇരുട്ടും വെളിച്ചവും കടന്നുവരുന്ന കാഴ്ച്ച അതിശയിപ്പിക്കുന്ന ഒന്നാണ്. എടുത്തു
പറയേണ്ട ഒന്നാണ് മുരാറ്റ് അസിലിയുടെ പശ്ചാത്തല സംഗീതം, എങ്ങും ഒഴുകി നടക്കുന്ന
ശാന്തസുന്ദരമായ ഒരു കാറ്റുപോലെ അത് എല്ലായിടത്തുമുണ്ട്. ആവശ്യത്തിനു മാത്രമുള്ള
സംഭാഷണങ്ങള്‍, അവയ്ക്കു വേണ്ടി കാഴ്ചക്കാരെ കാത്തിരിപ്പിക്കും പോലെ വന്നും പോയിയും
ഇരുന്നു. ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്ത ലൊക്കെഷന്‍ അതീവ സുന്ദരമാണ്.
കെമെല്‍ ആയി അഭിനയിച്ചിരിക്കുന്നത് മുഹമ്മദ്
ഉസ്നേര്‍, സമല്‍ ആയി ബാരന്‍ സുക്രു ബാബാകാനും, നാളാന്‍ എന്ന കഥാപാത്രം ടെഫ്നെ
ഹല്മാനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.



No comments:
Post a Comment