Monday, 21 December 2015

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം




ഇരുപതാമത് അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവം; മേളകള്‍ എല്ലാ കൊല്ലവും സമസ്ത മേഖലകളിലും പുതിയ അറിവുകള്‍ സമ്മാനിക്കുന്ന ഒന്നാണ്. ഇക്കൊല്ലവും അതങ്ങനെ തന്നെ പരിസമാപിച്ചു. രണ്ടായിരത്തി പതിനഞ്ചു ഡിസംബര്‍ നാലാം തീയതി മുതല്‍ രണ്ടായിരത്തി പതിനഞ്ചു ഡിസംബര്‍ പതിനൊന്നു വരെ അനന്തപുരി ഉത്സവ പ്രതീതിയില്‍ ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം  ചിത്രങ്ങള്‍ പന്ത്രണ്ടായിരത്തില്‍പ്പരം ഡെലിഗേറ്റുകള്‍  ഇരുപതോളം അന്യഭാഷാ സംവിധായകര്‍.


വെളിച്ചവും നിഴലും സംമിശ്രങ്ങളായി ഇടപെടുന്നതാണ് സിനിമ. ഓരോ ചലച്ചിത്രവും അതതു രാജ്യങ്ങളുടെ പാരമ്പര്യത്തിലേക്കുള്ള എത്തിനോട്ടമാണ്. അത് അനുഭവിച്ചറിയാന്‍ കഴിയുന്നത്‌ ഒരു വലിയ അവസരമാണ്. നല്ല സിനിമ മോശം സിനിമ എന്നൊന്നില്ല എന്നാണ് എന്‍റെ ഒരു കാഴ്ച്ചപ്പാട്. ഓരോ സിനിമയില്‍ നിന്നും എന്തെങ്കിലും പുതിയ ഒന്ന് നമുക്ക് മുന്നില്‍ തുറന്നു വയ്ക്കും. ചിലപ്പോള്‍ സ്വീകരിക്കേണ്ട ഒന്നാവാം, മറ്റുചിലപ്പോള്‍ നിരാകരിക്കേണ്ടവയും. രണ്ടായാലും ചിന്തിക്കാനുള്ള ഒരിടം കൂടിയാണ് മുന്നിലുള്ളത്.

നഗരഹൃദയത്തില്‍ പതിനഞ്ചോളം വേദികളിലായാണ് മേള അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വേദികളുടെ എണ്ണതില്‍ കാര്യമായ വര്‍ധനവുണ്ട്. എന്നിട്ടും തിക്കും തിരക്കും പഴയ പടി തന്നെ തുടരുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. ഓരോ കൊല്ലവും ആയിരക്കണക്കിന് ഡെലിഗേറ്റുകളുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. അതിനനുസരിച്ചുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ എപ്പോഴും പാളിച്ചകള്‍ സംഭവിക്കാറുണ്ട്. ഇക്കൊല്ലം മേളയുടെ നടത്തിപ്പില്‍ മുന്‍കൊല്ലങ്ങളെക്കാള്‍ ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും പിഴവുകള്‍ വന്നിട്ടുണ്ട്, അത് സഹജവുമാണ്.

ചലച്ചിത്രമേളകള്‍ സൌഹൃദ കൂട്ടായ്മ കൂടിയാണ്. സംസ്ഥാനത്തിന്‍റെ രാജ്യത്തിന്‍റെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിതറി കിടക്കുന്നവര്‍ ഒരാഴ്ച്ചക്കാലം ഒത്തുകൂടുന്ന വേദി. സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ സംവാദങ്ങള്‍ ക്രിയാത്മകമായ രാഷ്ട്രീയം, ഇവയെല്ലാം കൊണ്ടും സംബുഷ്ട്ടമാണ് ചലച്ചിത്രമേളകള്‍. കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലെ മേളകള്‍ പോലെ ഇക്കൊല്ലവും എന്‍റെ സിനിമാ കാഴ്ച്ചപ്പാടുകള്‍ക്ക് വ്യക്താമായ പരുവപ്പെടുതലുകള്‍ ഉണ്ടാക്കാന്‍ ചലച്ചിത്രോത്സവത്തിനു കഴിഞ്ഞു. സിനിമ കാണേണ്ട രീതിയില്‍ അല്ലെങ്കില്‍ കാഴ്ച്ചപ്പാടിന്‍റെ രീതി, അത് ഓരോ തവണയും മാറിക്കൊണ്ടിരിക്കും.

മുപ്പതോളം ചിത്രങ്ങള്‍ ഇപ്പ്രാവശ്യം കാണാന്‍ കഴിഞ്ഞു. ഒട്ടുമിക്ക ചിത്രങ്ങളും മനസ്സില്‍ ഇടം നേടിയില്ലെങ്കിലും തൃപ്തമായ ഒരു മനസ്സുമായാണ് മേള അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. മറ്റൊരവസരത്തിലും ഇത്രയധികം സിനിമകള്‍ ഒരുമിച്ചു കാണാന്‍ കഴിയില്ല എന്നതാവാം കാരണം. ഒറ്റാല്‍, ഒഴിവുദിവസത്തെ കളി, മണ്ട്രോ തുരുത്ത്, ഇമ്മോര്‍ട്ടല്‍, സ്വീറ്റ് ബീന്‍ റീഡ് പേസ്റ്റ്, സെക്കണ്ട് മതര്‍, വയലിന്‍ പ്ലയര്‍, എന്‍റാങ്കിള്‍മെന്‍റ് തുടങ്ങി വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമേ മനസ്സില്‍ സുക്ഷിച്ചു വയ്ക്കാന്‍ കഴിയുന്നവ ആയുള്ളൂ.

No comments:

Post a Comment