Monday, 23 November 2015

ശാന്തികവാടം

പേരില്ലാത്ത നഗരം അശാന്തമാണ്. 


ഒരു നാമം, അതൊന്നുകൊണ്ട് നഗരത്തിനു അതിര്‍ വരമ്പുകള്‍ ഉണ്ടായിക്കൂട. ഇത്തരമൊരു ചിന്തയില്‍ നിന്നായിരിക്കണം സ്രഷ്ടാവ് ആര്‍ജ്ജവം ഉള്‍ക്കൊണ്ടത്. അല്ലാതെ ഒരു സ്രഷ്ടാവും തന്‍റെ സൃഷ്ടിക്ക് പേരിടാന്‍ മറക്കാറില്ല. 

പേരില്ലാത്ത നഗരം അശാന്തമാണ്; പതിവുപോലെ. നിരത്തിലൂടെ സാവധാനം നീങ്ങുന്ന വാഹനങ്ങളെക്കാള്‍ ഏറെയും നടപ്പാതയിലൂടെ വേഗത്തില്‍ തിക്കി തിരക്കി നടന്ന് ഓടുന്ന ആളുകളാണ്. ഉച്ചവെയില്‍ചൂട് ഒരു ദീര്‍ഘനിശ്വാസം തിരയുന്നു, ശക്തികള്‍ ചോര്‍ന്ന് തുടങ്ങുന്നവന്‍റെ ബാക്കിപത്രം. ഓടിയൊളിക്കും മുന്‍പ് മുഖം മിനുക്കാന്‍, തിളങ്ങാന്‍ അയാള്‍ സിന്ദൂരരേഖകള്‍ തിരയുന്നു. കറുത്ത മേലങ്കി അണിയും മുന്‍പ് നഗരം പ്രകാശമുഖരിതമായി. ശാസ്ത്രത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയില്‍ കാലത്തിന്‍റെ മാറ്റം അറിയാതെ, അല്ലെങ്കില്‍ അവഗണിച്ചുകൊണ്ട് നിരത്തിലും നടപ്പാതയിലും പലരും പലതും ഒഴുകിക്കൊണ്ടിരുന്നു. കാഴ്ച്ചകള്‍ക്കപ്പുറം വിദൂരതയിലെവിടെയോ മറകള്‍ സ്വയം മെനഞ്ഞ് ചിത്രഗുപ്തന്‍ അയാളെ തിരയുന്നു; അച്യുതനെ. 


അനുസ്യൂതം ജനസാഗരം ഒഴുകിക്കൊണ്ടിരുന്നു. അവരിലൊരാളാകാന്‍ ശ്രമിക്കാതെ അച്യുതന്‍ തനിക്കു കഴിയുംവിധം പരമാവധി വേഗക്കുറവില്‍ നടന്നു. മറ്റുള്ളവരുടെ വേഗക്കൂടുതല്‍ ഏറ്റെടുത്തത് അയാളുടെ ചിന്തകളായിരുന്നു. തന്‍റെ ചിന്തകള്‍ക്കൊപ്പമെത്താന്‍ അയാള്‍ക്ക് ‌ കഴിയുന്നില്ല. തനിക്കതിനു കഴിയില്ലെന്ന വിശ്വാസത്തില്‍ അയാള്‍ പിന്‍വലിയുന്നു. 

പകുതിയും നരകയറിയ മുടി അയാള്‍ ചീകിയൊതുക്കിയിരുന്നു. ചുളിവുകള്‍ നിവര്‍ത്തിയ തൂവെള്ള ഷര്‍ട്ടും, ചുവന്ന കരയുള്ള മുണ്ടും. ജീവിതത്തില്‍ ഇതാദ്യം, ഇങ്ങനെയൊരു വേഷം കെട്ടല്‍. കൈവല്യലബ്ധിക്കു വേണ്ടിയുള്ള ഈ യാത്രയില്‍ പരിഭ്രമവും ഭയവും കാരണം അച്യുതന്‍ അയാളിലേക്കുതന്നെ ഓരോ നിമിഷവും ചുരുങ്ങിക്കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്‍റെ സാഹിത്യസൃഷ്ടികള്‍ വായിച്ചിട്ടുണ്ടാകുമോ എന്ന പരിഭ്രമം, അനന്തരം അവര്‍ തന്നെ തിരിച്ചറിയുമോ എന്ന ഭയം. അങ്ങനെ സംഭവിച്ചാല്‍ അതു തന്‍റെ യാത്രക്ക് തടസ്സം ഉണ്ടാക്കുമെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. 

എന്ത് സാഹിത്യസൃഷ്ടികള്‍? എനിക്കു ചുറ്റും തിരക്കിട്ടോടുന്നവരാണ്. അവര്‍ ഒരിക്കലും കണ്ണും കണ്ണുനീരും തേടി പോകാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ വറ്റാത്ത ഒരു ഉറവ അവരെത്തേടിയെത്തുമെന്ന് അവര്‍ മറക്കുന്നു; അച്യുതന്‍ വീര്‍പ്പടക്കി. സമാനഹൃദയര്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കു മാത്രമേ എന്‍റെ കഥകളും കവിതകളും അതിന്‍റെ പരിപൂര്‍ണതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുള്ളു എന്നാണെന്‍റെ വിശ്വാസം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എന്‍റെ കണ്ണുനീര്‍ ആശ്വാസത്തിന്‍റെ സന്തോഷം പകര്‍ന്നു തരുന്നു; അച്യുതന്‍ അനശ്വരതയിലേക്ക് ഉന്നം വെച്ചു. 

യാത്രയ്ക്കൊരുങ്ങും മുന്‍പ് ചിത്രഗുപ്തന്‍ തമാശയെന്നോണം ഗൌരവത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി. “ബിന്ദുവില്‍ ജനിച്ച് ഇന്ദുവില്‍ മരിക്കുക , അതാണ്‌ നിന്‍റെ കര്‍മ്മം.” കണക്കുകൂട്ടലുകള്‍ പിഴക്കാത്തവന്‍റെ വാക്കുകള്‍ പിഴക്കാന്‍ പഴുതില്ല; അച്യുതന്‍ ചിന്താമഗ്നനായി. 

അച്യുതനും ബിന്ദുവും. തങ്ങളുടെ ഹൃദയബന്ധത്തിന്‍റെ ആര്‍ദ്രത അയാള്‍ തന്‍റെ എല്ലാ കഥകളിലും കവിതകളിലും തീവ്രത ഒട്ടും കൈവിടാതെ ഉരുക്കി ചേര്‍ത്തിരുന്നു. കളിക്കൂട്ടുകാരിയുടെ ശ്വാസനിശ്വാസങ്ങള്‍ പോലും അയാള്‍ കവിതയാക്കി. 

അതെ, അവളില്‍ ജനിക്കുകയായിരുന്നു ഞാന്‍. ബിന്ദു, എന്‍റെ ബാല്യകൌമാരപ്രാരംഭയൌവ്വനത്തിനു വിരുന്നൂട്ടിയ കുട്ടി, പെണ്കുെട്ടി, സ്ത്രീ. ഞാനെന്നെ തിരിച്ചറിഞ്ഞത് (ശേരിയായോ, തെറ്റായോ. രണ്ടായാലും സന്തോഷം) അവളിലൂടെയായിരുന്നു. പ്രണയവും സ്നേഹവും ഇഴപിരിച്ചെടുക്കാന്‍ കഴിയാതെപോയ ദിനരാത്രങ്ങള്‍ സമ്മാനിച്ചവള്‍. 

പക്ഷേ… 

'ജീവവായുവിനായി ഞാന്‍ വെമ്പുന്നു. 
നീയാ മുടിക്കെട്ടൊന്നഴിച്ചിച്ചിടണം, 
എന്‍റെ മുഖമൊന്നൊളിപ്പിക്കണം, ശ്വസിക്കണം, 
എനിക്കു ശ്വസിക്കണം.' 

ഈ നാലുവരികള്‍ ചോദ്യചിഹ്നങ്ങളായി പരിണമിക്കുന്നതായി അച്യുതന് തോന്നിയിരിക്കണം. അനന്തരം അവ കുരുക്കഴിക്കാന്‍ കഴിയാത്ത കയറായും അയാള്‍ക്ക് തോന്നിയിരിക്കണം. തന്നിലെ കവിയെ അയാള്‍ ആത്മഹൂതിക്കയച്ചു. അരയോളം പടര്‍ന്നു കിടന്നിരുന്ന അവളുടെ കേശഭാരത്തെക്കുറിച്ച് കവിതയെഴുതാന്‍ അച്യുതനു കഴിഞ്ഞത്, ബിന്ദു തന്‍റെ തോളോടു ചേര്‍ത്ത് മുടി മുറിച്ചതിനു ശേഷമായിരുന്നു എന്ന കുറ്റബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രായശ്ചിത്തം. 

“അതെ ഞങ്ങള്‍ രണ്ടുപേരും ഭാരങ്ങള്‍ ഇറക്കിവയ്ക്കുകയായിരുന്നു.” അച്യുതന്‍ അപരാധസ്വരത്തില്‍ മന്ത്രിച്ചു. 

കല്യാണത്തലേന്ന്, നട്ടുച്ചയ്ക്ക്, അവര്‍ ഒരു മഞ്ചാടിമരത്തിന്‍റെ തണലുപറ്റി. അച്യുതന്‍ തന്‍റെ മുഖം ബിന്ദുവിന്‍റെ മടിയില്‍ അമര്‍ത്തവേ അവള്‍ ചോദിച്ചു: “നിന്‍റെ മൂക്ക് തൊട്ടു നില്‍ക്കുന്നിടത്ത് ഒരു മറുകുണ്ട്, ഓര്‍മ്മയുണ്ടോ?” അയാള്‍ മറുപടി പറഞ്ഞില്ല. ഒന്നും ഓര്‍മ്മയിലേക്കാവാഹിക്കാന്‍ താല്‍പ്പര്യമില്ലാത്തതുപോലെ നിലകൊണ്ടു. ഒരു നീര്‍ത്തുള്ളി അച്യുന്‍റെ മുഖത്തെവിടെയോ വീണ് ചുണ്ടുകളിലേക്ക് ഒലിച്ചിറങ്ങി. ഉപ്പിന്‍റെ സ്വാദായിരുന്നു അയാള്‍ തിരിച്ചറിഞ്ഞത്. 

“നീ തീക്കൊള്ളി വച്ച് പൊള്ളിച്ചതിന്‍റെ…” ബിന്ദു ഓര്‍മിപ്പിച്ചു. 

“എന്‍റെ കറുത്ത ഓര്‍മ്മയ്ക്ക്… നാളെ രാത്രി നിന്‍റെ ഭര്‍ത്താവിന് അത് അലോസരമുണ്ടാക്കുമോ….?” അച്യുതന്‍ വാക്കുകള്‍ വിഴുങ്ങി, ഉപ്പിന്‍ തുള്ളിക്കൊപ്പം.

കുട്ടിക്കാലത്തെപ്പൊഴോ സംഭവിച്ച തീക്കൊള്ളി വിപ്ലവം, അച്യുതന്‍റെ ഉള്ളില്‍ നിറച്ചത് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. തല്ലും ശകാരവും മൂര്‍ഛിക്കുമ്പോള്‍ എങ്ങനെയെങ്കിലും പെട്ടെന്ന് വളര്‍ന്നു വലുതാകാനുള്ള ആഗ്രഹം ജനിക്കും. ആഗ്രഹിച്ച അവസ്ഥയിലെത്തിയപ്പോള്‍ ആ തല്ലും ശകാരവും ഒരിക്കല്‍ക്കൂടിയെങ്കിലും ഏറ്റുവാങ്ങാന്‍ കൊതിക്കുന്നു. “ദുരാഗ്രഹി !” അച്യുതന്‍ സ്വയം പഴിച്ചു. 

“സ്ത്രീകള്‍ അങ്ങനെയാണ് അച്യുതാ…. എല്ലായ്പ്പോഴും അവര്‍ എല്ലാം മറക്കുന്നത് ഓര്‍മ്മിക്കാന്‍ തക്കതായ കാരണങ്ങള്‍ നിങ്ങള്‍ കൊടുക്കാത്തതുകൊണ്ടാണ്. അഥവാ നിങ്ങള്‍ അങ്ങനെ വല്ലതും കൊടുത്താലോ, അവര്‍ ഓര്‍മിക്കുക മാത്രമല്ല സദാ നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും.” ചിത്രഗുപ്തന്‍ തെല്ലിടനേരം മൌനം ഭക്ഷിച്ചു. 

ചിന്തകള്‍ അലസമായി പുറത്തേക്കു വമിച്ചുകൊണ്ടിരുന്നു. 
എല്ലാറ്റിനും ആധാരം കാര്യകാരണങ്ങളാണ്. 

“നിന്‍റെ ലക്ഷ്യത്തിലേക്കിനിയും സമയവും ദൂരവുമുണ്ട്…” ചിത്രഗുപ്തന്‍ നിര്‍വികാരനായി നിലകൊണ്ടു. 

സമയവും ദൂരവും തമ്മിലുള്ള ബന്ധമെന്തെന്ന് എത്ര ആലോചിച്ചിട്ടും അച്യുതന് ഒന്നും വ്യക്തമായി മനസ്സിലായില്ല. രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നു വിശ്വസിക്കാന്‍ അയാള്‍ മടിക്കുന്നു. സമയത്തെ മുന്‍നിര്‍ത്തി ദൂരമളക്കുമ്പോള്‍, ദൂരം പിന്നിലാവില്ലേ? യഥാക്രമം തിരിച്ചും സംഭവിക്കാം. “ഭ്രാന്ത്, അല്ലാതെന്ത്….?” തന്‍റെ തലയ്ക്കകത്തെ പിരിമുറുക്കം അച്യുതന്‍ അറിയുന്നു. 

“സമയം ശാസ്ത്രമായും ദൂരം കലയായും സങ്കല്‍പ്പിക്കൂ അച്യുതാ…” ചിത്രഗുപ്തന്‍ ഞെരിപിരികൊണ്ടു. 

“താങ്കള്‍ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല !” അച്യുതന്‍ അമര്‍ഷം പരാതിയാക്കി. “ഒരു മതില്‍ക്കെട്ടിന്‍റെ വ്യത്യാസത്തില്‍ വളര്‍ന്ന നിങ്ങള്‍ ഏങ്ങനെ കണ്ണെത്താ ദൂരം അകലെയായി അച്യുതാ…?” പരിഹാസത്തോടെ ചിത്രഗുപ്തന്‍. 

തര്‍ക്കശാസ്ത്രം ഒരു മതില്‍ക്കെട്ടു പോലെ ഉയര്‍ന്നു നില്‍ക്കുന്നതായി അച്യുതനു തോന്നി. ഓരോ നിമിഷവും വളരുന്ന മതില്‍. ഓരോ നിമിഷവും ചെറുതാകുന്ന മതില്‍; അച്യുതന്‍ പ്രൊക്രൂസ്റ്റസ് ആകാന്‍ കൊതിച്ചു. 

ജനം സാഗരം, ചിന്തകള്‍ നീരാവി, അച്യുതന്‍ നീര്‍ത്തുള്ളി. നീര്‍ത്തുള്ളി സാഗരത്തില്‍ ലയിച്ചു, നീരാവി സ്വാതന്ത്ര്യം തേടി. ഇപ്പോള്‍ പരിഭ്രമ-ഭയ വികാരങ്ങളേതുമില്ലാതെ നീര്‍ത്തുള്ളി തന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുന്നു. 

വഴിയോരങ്ങളില്‍ നിന്നും വര്‍ണ്ണക്കടലാസുകളും വളപ്പൊട്ടുകളും മഞ്ചാടിക്കുരുവും കണ്ണിനു കൌതുകം തോന്നുന്നതെന്തും ബിന്ദു ശേഖരിച്ചു സൂക്ഷിക്കും. അനാഥര്‍ക്ക് അമരത്വം കൈവരുന്നു. നിറങ്ങള്‍ എന്നും അവള്‍ക്ക് ഭ്രാന്തായിരുന്നു. അച്യുതന്‍ അതിന്‍റെ ആരാധകനും. ചായുന്ന വെയിലില്‍ തിളങ്ങിക്കിടന്ന പുഴക്കരയിലെ മണല്‍ വാരിക്കൂട്ടി ഒരു കൊച്ചു വീട് പണിതുകൊണ്ട് ബിന്ദു പറഞ്ഞു: “വലുതാകുമ്പോള്‍ ഞാന്‍ ഇഞ്ചിനീയറാകും…” ആ രമ്യഹര്‍മ്മ്യത്തിലിരുന്ന് താന്‍ കഥകളും കവിതകളും എഴുതുന്നതായി അയാളും സ്വപനം കണ്ടു. കടലാസ്സുകഷ്ണങ്ങള്‍ മടക്കി പായ്‌ക്കപ്പലുകളുണ്ടാക്കി അവള്‍ അച്യുതനു കൊടുക്കും. അയാള്‍ അതിനെ ഒഴുക്കിനൊപ്പം പറഞ്ഞയക്കും. നോക്കി രസിക്കും. ഈ സമയം ബിന്ദു മറ്റൊരെണ്ണം ഉണ്ടാക്കുകയായിരിക്കും.

“സ്വാര്‍ത്ഥമോഹങ്ങളും പേറി അവ മറുകരയണഞ്ഞിരിക്കുന്നു” 
ആശ്വാസത്തിന്‍റെയോ അല്ലാത്തതോ ആയ അക്ഷരങ്ങള്‍ അച്യുതന്‍ വാക്കുകളാക്കി. എല്ലാം ശരി, ഒരാള്‍ ഇഞ്ചിനീയറായിട്ടും എന്തുകൊണ്ട് മറ്റൊരാള്‍ സാഹിത്യസൃഷ്ടാവായില്ല അച്യുതാ?” ഉത്തരം പ്രതീക്ഷിക്കാതെ ചിത്രഗുപ്തന്‍റെ ചോദ്യം. 

“താങ്കളെന്നെ പരിഹസിക്കുകയാണോ?” ‘അവാങ്-ഗാദി’നെക്കുറിച്ച് ഒരു പ്രസംഗം നടത്താന്‍ അച്യുതനു തോന്നി. 

ഭൂതകാലത്തില്‍ എത്ര തവണ പരിഹാസ്യനായാലും, വര്‍ത്തമാനകാലത്തില്‍ പരിഹസിക്കപ്പെടുമ്പോള്‍ ഏതൊരുവനും സഹിക്കുകയില്ല. ഭായില്‍ അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. 

“ഞാനൊരു സാഹിത്യകാരനല്ലെന്ന തോന്നല്‍ താങ്കള്ക്കുഥണ്ടാകാന്‍ കാരണമെന്താണ് ചിത്രഗുപ്താ?”അച്യുതന്‍ അതൃപ്തി രേഖപ്പെടുത്തി.

“കാര്യകാരണങ്ങള്‍ തേടി പോകുന്നത് നിങ്ങള്‍ മനുഷ്യരല്ലേ അച്യുതാ…” ചിത്രഗുപ്തന്‍ തടിതപ്പി. 

“താങ്കളെന്തിനാണെന്നെ പേരു വിളിച്ച് സംബോധന ചെയ്യുന്നത്, മനുഷ്യനെന്നു വിളിച്ച് സംബോധന ചെയ്യുന്നത്?” അച്യുതന്‍ ദീര്‍ഖനിശ്വാസം തിരയുന്നു.

 “നീ നിന്‍റെ മരണം രേഖപ്പെടുത്തി വരൂ അച്യുതാ, ശേഷം ഞാന്‍ നിന്നെ ആത്മാവെന്നു സംബോധന ചെയ്യുന്നതായിരിക്കും. ആള്‍ക്കൂട്ടത്തിലെവിടെയാണു നീ, എനിക്കു നിന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല.” ചിത്രഗുപ്തന്‍ പരിഭ്രാന്തനായി. 

“നല്ലത് ചിത്രഗുപ്താ… എന്‍റെ ലക്ഷ്യം, അതില്‍ എത്തിച്ചേരുന്നതുവരെ നമ്മളിനി കാണില്ല, സംസാരിക്കില്ല.” അച്യുതന്‍ സിന്ദൂരരേഖ തിരയുന്നു. 

അച്യുതന്‍ ഇനി അയാളുടെ ലക്ഷ്യത്തിനു മാത്രമേ ദര്‍ശനം കൊടുക്കുകയുള്ളു. കാലുകള്‍ക്ക് അയാളറിയാതെ വേഗത കൂടിയിരിക്കുന്നു. ചിന്തകളെയും പിന്നിലാക്കുംവിധം അയാള്‍ മുന്നേറുന്നു. ജനസാഗരം നയിക്കപ്പെടുന്നു. നിരത്തിലോടുന്ന വാഹനങ്ങളുടെ വേഗത അയാള്‍ അറിയുന്നില്ല. 

ചിത്രഗുപ്തനെ എങ്ങനെയും വാദിച്ചു തോല്പ്പി ക്കണം. കണക്കുകൂട്ടലുകളില്‍ അയാള്‍ കേമനായിരിക്കാം. ഇങ്ങനെ പോയാല്‍ കണക്കും ഒരു കലയാണെന്ന് അയാള്‍ സമര്‍ത്ഥിച്ചെടുക്കും. വിട്ടു കൊടുക്കാന്‍ വയ്യ. എന്നില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നിരിക്കെ ഞാന്‍ അജയ്യനാണ്; തോല്‍ക്കാന്‍ മനസ്സില്ലാത്തവനായി അച്യുതന്‍ മാറുന്നു. 

ഒപ്പമെത്താന്‍ കഴിയാതെ ചിന്തകള്‍ അയാള്‍ക്കു പുറകില്‍ ചക്രശ്വാസം വലിക്കുന്നു. ആരെയും കണ്ടില്ലെന്നു നടിക്കുകയും തന്‍റെ ചിന്തകളെ പുറന്തള്ളിയും അച്യുതന്‍ മുന്നേറുന്നു. 

“മരണം, അതൊന്നു മാത്രമല്ലേ യാഥാര്‍ഥ്യം ചിത്രഗുപ്താ? താങ്കള്‍ വെറും സങ്കല്‍പ്പമാത്രമായ വിദൂഷകനല്ലേ?" അച്യുതന്‍ യുദ്ധസജ്ജനാവുകയാണ്. മരണം രേഖപ്പെടുത്തി മടങ്ങുമ്പോഴെങ്കിലുംഅയാള്‍ക്ക് ‌ ചിത്രഗുപ്തനെ വാദിച്ചു തോല്‍പ്പിക്കണം. കാര്യകാരണങ്ങള്‍ ചിത്രഗുപ്തന്‍ അന്വേഷിക്കില്ല. മാത്രമല്ല തന്നെ ആത്മാവെന്നു സംബോധന ചെയ്യുകയും ചെയ്യും; അച്യുതന്‍റെ ചിന്താവിപ്ലവങ്ങള്‍ അയാള്‍ക്കു ചുറ്റും നിഷ്പ്രയാസം തകര്‍ക്കപ്പെടാവുന്ന ചക്രവ്യൂഹം മെനയുന്നു. 

അനന്തതയില്‍ നിന്ന് തന്നെ പ്രണയിക്കുന്ന ഒന്നിലേക്കുള്ള യാത്രയില്‍ മുഖംമൂടികള്‍ ഉപേക്ഷിക്കലാണ് അച്യുതന്‍ ആദ്യം ചെയ്തത്. അനന്തതയില്‍ നിന്ന് അത് അച്യുതനിലേക്കും, അയാള്‍ അതിലേക്കും എത്തിപ്പെടാനുള്ള വ്യഗ്രത കാണിക്കുന്നു. ഒരു തുടര്‍ച്ചയാണ് അയാള്‍ ആഗ്രഹിക്കുന്നത്. എവിടെയോ നഷ്ടപ്പെട്ട പ്രണയം അച്യുതനെ തേടി വരുന്നത് അയാള്‍ അറിയുന്നു, അച്യുതന്‍ അതിനെ തേടി പോകുന്നതും അയാള്‍ അറിയുന്നു. അച്യുതന്‍ ആ തുടര്‍ച്ചയിലേക്ക് നടന്നു നീങ്ങുമ്പോള്‍ നമുക്ക് ചിത്രഗുപ്തനില്‍ നിന്ന് ചില സംശയനിവാരണങ്ങള്‍ തേടാം. 

“ചിത്രഗുപ്താ, ആരാണയാള്‍?” 

“അച്യുതന്‍, അച്ചു എന്ന് ബിന്ദു വിളിക്കും.” ചിത്രഗുപ്തന്‍ അച്യുതനെ തിരയുന്നു. 

“എന്‍റെ ചോദ്യം അര്‍ത്ഥ ശൂന്യമാണെന്നു തോന്നുന്നുണ്ടോ താങ്കള്‍ക്ക്?” 

“അര്‍ത്ഥശൂന്യമായ ഒന്നും പ്രപഞ്ചത്തില്‍ നിലകൊള്ളുന്നില്ല. ജനനം രേഖപ്പെടുത്തിയതുകൊണ്ട് മരണം രേഖപ്പെടുത്താന്‍വെമ്പുന്ന ഒരുവന്‍, അതിലുപരി അച്യുതന്‍ ആരുമല്ല.” ചിത്രഗുപ്തന്‍ അച്യുതനു വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നു. 

“അപ്പോള്‍ അയാള്‍ ഇതുവരെ താങ്കളുമായി നടത്തിയ വാദപ്രതിവാദങ്ങള്‍..? എല്ലാം പൊള്ളയായിരുന്നോ?” 

“എല്ലാറ്റിനും ആധാരം കാര്യകാരണങ്ങളാണ്, അതിനെ പൊള്ളയെന്നു പറഞ്ഞ് അധിക്ഷേപിക്കരുത്. നാം വീണ്ടും സംസാരിക്കും, മറ്റോരവസരത്തില്‍.” ചിത്രഗുപ്തന്‍ അച്യുതന്‍റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു. 

എതിര്‍ദിശയില്‍ തന്‍റെ കാരണവും പേറി വരുന്ന ലക്ഷ്യത്തെ അച്യുതന്‍ തിരിച്ചറിയുന്നു. അയാള്‍ക്കഭിമുഖമായി എത്തിയപ്പോള്‍ ബിന്ദുവും അയാളെ തിരിച്ചറിഞ്ഞു. അവളുടെ മാറില്‍ നിറഞ്ഞ് അമര്‍ന്നുക കിടന്ന് ഒരു കൈക്കുഞ്ഞ് വെറുതേ നൊണ്ണകാട്ടി ചിരിക്കുന്നു. നഗരം നിശ്ചലമാകുന്നത് അച്യുതന്‍ അറിയുന്നു. അനന്തരം നിശബ്ദത. നിമിഷങ്ങളോളം അവര്‍ മുഖാമുഖം നോക്കിനിന്നു. പലപ്പോഴും ആവശ്യങ്ങളില്‍ അനാവശ്യമായി മൌനംപൂണ്ടു നില്‍ക്കുന്നവനാണ് മനുഷ്യന്‍. നിശബ്ദതയ്ക്ക് അവള്‍ വിരാമമിട്ടു. 

“മകളാണ്” 

“നമ്മള്‍ ഒരുമിച്ചു കണ്ടിരുന്ന സ്വപ്നം!” അച്യുതന്‍ വാക്കുകള്‍ ചുരുക്കുന്നു. 

“ഇന്ദു” 

“ഞാന്‍ ഊഹിച്ചു. നമ്മള്‍ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഒരു പേര്.” ഫ്രോയ്ഡിന്‍റെ ചിന്തകള്‍ അച്യുതനെ അലട്ടുന്നു. 

അച്യുതന്‍റെ കൈകള്‍ കുഞ്ഞിന്‍റെ തല ഉഴിയുന്നു. ഇന്നുവരെ അയാള്‍ അറിഞ്ഞിട്ടില്ലാത്ത ഒരനുഭൂതി അച്യുതനെ അനന്തതയിലേക്കു നയിക്കുന്നു. കൂരിരുട്ടുപോലെ പടര്‍ന്നുകിടക്കുന്ന നിശബ്ദതയില്‍ അയാള്‍ തന്‍റെ സഹജീവികളെ തിരയുഞ്ഞു; അച്യുതന്‍ ബഫറ്റിനെ ഓര്‍മ്മിച്ചു, ബഫറ്റിന്‍റെ പെയിന്‍റിങ്ങുകള്‍ കണ്ടു. 

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയെ തൊട്ടറിഞ്ഞ ശാന്തതയില്‍ അയാള്‍ തന്‍റെ തുടര്‍ച്ചയിലേക്കൊഴുകി. 

**************** ***************** 

“ചിത്രഗുപ്താ, പ്രപഞ്ചമാണോ ആ ശക്തിയെ സൃഷ്ടിച്ചത്, അതോ ആ ശക്തിയാണോ പ്രപഞ്ചത്തെ സൃഷ്ടിച്ചത്…?” കാഴ്ച്ചകള്‍ക്കപ്പുറം വിദൂരതയിലെവിടെയോ മറകള്‍ സ്വയം മെനഞ്ഞ് ചിത്രഗുപ്തന്‍ ആരെയോ തിരയുന്നു.” 

“ചിത്രഗുപ്താ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?”


- Rajeev Somasekharan

No comments:

Post a Comment