Wednesday, 3 April 2013


കാല്‍പാടുകള്‍


അറിയാവഴിത്താരയിലാര്‍ദ്ര-
മിഴികളുമായി അലയുന്നു നീ
വഴിവിളക്കിന്‍ തിരി തെളിയാ
വഴിയിതിലേകാന്ത മൌനം മാത്ര-
മതിലോലമാം കാലുകളിരുട്ടില്‍
പരതുന്നതെന്തെന്ന് നീ അറിഞ്ഞോ
പിന്നിട്ട വഴികളിലമര്‍ന്ന നിന്‍
കാല്‍പാടുകളിനി പിന്തുടരട്ടെ, ഞാന്‍
മാര്‍ഗമെത്ര കഠിനമാണെന്നറിവറി-
യാതറിഞ്ഞു നീങ്ങുന്നു ലക്ഷ്യബോധമില്ലാ-
തെയല്ലെന്നു പറയേണ്ടതിവിടെ ഞാനല്ല
നീയല്ല നമ്മുടെ സ്വപ്നഭാരങ്ങളാണ്‌
ഭാരമാണിവിടെ, ജരാനരകള്‍ ബാധിച്ച
സ്വപ്നങ്ങളൊക്കെയും ഭാരമാണവ-
ജ്ഞമായൊരിരുള്‍ മറച്ച വഴിത്താര
നീളുന്നതൊരേകാകിയാം ചന്ദ്രകല തേടി
നിമിഷവേഗത്തിലിടറി നീങ്ങുന്ന ഋതുക്ക-
ളാര്‍ക്കുവേണ്ടിയവസാന വേനലും ശീതവും
പൂക്കാലമറിയാനനുവദിക്കുന്നില്ലയീ ഇരുളി-
ലലിഞ്ഞു ചേരുന്നു ഞാനീ മഴയ്ക്കൊപ്പ-
മകലെ കാണുന്നു സ്നേഹത്തിനുറവയും
നാഗവും ഉടുക്കും തൃശൂലവും ചന്ദ്രകലയും

No comments:

Post a Comment